Kerala Express

കൊച്ചി: സഹോദര സഭകളെന്ന നിലയില്‍ അന്തസ്സും അഭിമാനവും സംരക്ഷിച്ചു പരസ്പര വിശ്വാസത്തോടെ സഭാപ്രശ്നത്തിനു പരിഹാരം കാണണമെന്നും അതിനുള്ള തീരുമാനങ്ങള്‍ ഇവിടെത്തന്നെയാണ് ഉണ്ടാകേണ്ടതെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. യാക്കോബായ - ഓര്‍ത്തഡോക്സ് സഭാപ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ സഹായിക്കണമെന്നല്ല അതിനുള്ള സാഹചര്യമുണ്ടാക്കണമെന്നാണു ഭരണാധികാരികളോടു തന്‍റെ അഭ്യര്‍ത്ഥനയെന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇതേ കാര്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനെയും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര സഭയില്‍ സമാധാനം ഉണ്ടാക്കുക എന്നത് ഇരുസഭകളുടെയും ആത്മീയ പിതാവായ എന്‍റെ ദൗത്യവും കടമയുമാണ്. ഒന്നിച്ചിരുന്ന് ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഓര്‍ത്ത‍ഡോക്സ് സഭയ്ക്ക് ഇതു സംബന്ധിച്ച് സന്ദേശം അയച്ചിരുന്നു. അനുകൂല മറുപടി ലഭിച്ചില്ല. ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്സ് നേതൃത്വം തയാറാകുമെന്നു തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പാത്രിയര്‍ക്കീസ് ബാവായ്ക്കു ഹൃദ്യമായ വരവേല്‍പ്പു നല്‍കി.

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ കേരള കോണ്‍ഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്ക്. മുന്നണിപ്രവേശം സംബന്ധിച്ചു പ്രഖ്യാപനമായില്ലെങ്കിലും  മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പു മാതൃകയില്‍ ചെങ്ങന്നൂരിലും പിന്തുണ നല്‍കാനാണു തീരുമാനം. യുഡിഎഫ് കണ്‍വന്‍ഷനില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല. പകരം യു‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പങ്കെടുപ്പിച്ചു പ്രത്യേക സമ്മേളനങ്ങള്‍ നടത്തും. ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകള്‍ അടച്ച്, യുഡിഎഫിലേക്ക് തന്നെയെന്ന ശക്തമായ സൂചനയാണ് ചെങ്ങന്നൂരിലെ നിലപാട് നല്‍കുന്നത്. കെ.എം. മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉപസമിതി യോഗമാണ് തീരുമാനമെടുത്തത്. യുഡിഎഫ് നേതാക്കള്‍ നടത്തിയ അഭ്യര്‍ത്ഥനയും ദേശീയതലത്തില്‍ മതനിരപേക്ഷസഖ്യം രൂപീകരിക്കേണ്ട സാഹചര്യവും കണക്കിലെടുത്താണു പിന്തുണയെന്നു യോഗശേഷം കെ.എം. മാണി പറഞ്ഞു. ഉപാധികളില്ലാതെയാണു പിന്തുണ.

കോഴിക്കോട്: സംസ്ഥാനത്ത് ഭിതി പടര്‍ത്തി നിപ്പാ വൈറസ്. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ മരണങ്ങള്‍ക്കു കാരണം നിപ്പാ വൈറസാണെന്നു സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ പനി ബാധിച്ചവരെ പരിചരിച്ച നേഴ്സും മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സും കോഴിക്കോട് ചെമ്പനോട സ്വദേശിയുമായ പി.എന്‍. ലിനി(31)യാണ് മരിച്ചത്. ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതു ലിനിയാണ്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായി ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. വടകര സ്വദേശി സജീഷാണ് ലിനിയുടെ ഭര്‍ത്താവ്. സിദ്ധാര്‍ത്ഥ്, റിതുല്‍ എന്നിവരാണ് മക്കള്‍. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.

വില്ലനായതു വവ്വാല്‍
കോഴിക്കോട്: കോഴിക്കോട്ട് നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. പന്തിരിക്കട സൂപ്പിക്കടയിലെ സഹോരങ്ങളുള്‍പ്പെയുള്ളവരില്‍ കണ്ട നിപ്പാ വൈറസ് വവ്വാലില്‍നിന്നു ശരീരത്തിലെത്തിയതാകാമെന്നു മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്‍ററിലെ ‍ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. ഡോ. അരുണ്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സൂപ്പിവീട്ടിലും പരിസരങ്ങളിലും വവ്വാലിന്‍റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കിണറുകളില്‍ വവ്വാലിന്‍ കൂട്ടത്തെ കണ്ടിരുന്നതായും കിണറ്റില്‍ കുടുങ്ങിയവയെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗിയുമായി ഇടപെടുന്നവര്‍ സൂക്ഷിക്കണം
കോഴിക്കോട്: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുമ്പോഴും മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. സാമ്പിളുകള്‍ ശേഖരിക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം. ഒരു മീറ്റര്‍ ദൂരത്തിനുള്ളില്‍ ഒരുമിച്ച് ഇടപഴകുന്നവര്‍ക്കു രോഗം പകരാനുള്ള സാധ്യതയേറെയാണ്. മൃതദേഹം കുളിപ്പിക്കുന്നവര്‍ക്കും രോഗം പകരാമെന്നും ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. മ‍ൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ ഉടന്‍തന്നെ സോപ്പ് ഉപയോഗിച്ച് കുളിക്കണം. വൈറസ് ബാധിച്ചവരില്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

Sponsored Advertisments