Kerala Express

കേരള സര്‍ക്കാര്‍ ഉണരാന്‍ വൈകി; ഓഖി ഉറഞ്ഞുതുള്ളി
തിരുവനന്തപുരം: ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനോ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയാറാകാതിരുന്നതു മൂലം നഷ്ടമായത് വിലപ്പെട്ട ജീവനുകള്‍. കോടികളും മറ്റു നഷ്ടങ്ങളും. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നവം. 28നു തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്നു ലഭിച്ച സന്ദേശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടു. ശ്രീലങ്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദം മൂലം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും 29നു വീണ്ടും കേന്ദ്ര മുന്നറിയിപ്പു വന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ന്യൂനമര്‍ദത്തിന്‍റെ ദിശ മാറി കേരളത്തിനടുത്തുകൂടിയാണ് കടന്നുപോകുന്നതെന്നു 30നു രാവിലെ വ്യക്തമായി. ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന സാധ്യതയും രാവിലെ എട്ടുമണിയോടെ വ്യക്തമായി. എന്നാല്‍, ചുഴലിക്കാറ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കാനും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും നാലു മണിക്കൂറോളം വേണ്ടിവന്നു. ഈ സമയത്തൊന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ സര്‍ക്കാരിനെ അറിയിക്കാനോ റവന്യൂ വകുപ്പിനു കീഴിലുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കഴിഞ്ഞില്ല. റവന്യൂ മന്ത്രി പോലും ചുഴലിക്കാറ്റ് സാധ്യതയെക്കുറിച്ച് അറിഞ്ഞത് 12 മണിയോടെയാണ്.

Sponsored Advertisments

GP-Adv2
TSI-Adv