Kerala Express

പറവൂര്‍: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയല്ലെന്ന് വെളിപ്പെടുത്തല്‍. വീടു കയറി ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷാണ് ആളു മാറിയതാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് ഇയാള്‍ നേരത്തെ നല്‍കിയ മൊഴിക്ക് വിരുദ്ധമാണ്. പോലീസിനെ അപ്പാടെ പ്രതിക്കൂ‍ട്ടിലാക്കുന്നതാണ് ഇയാളുടെ മൊഴിപ്പകര്‍പ്പ്. വീടുകയറി ആക്രമണം നടത്തിയ സംഘത്തില്‍ പോലീസ് പിടികൂടിയ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് വിനീഷ് പറയുന്നു. ദേവസ്വംപാടത്തുള്ള മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണു താന്‍ മൊഴി നല്‍കിയതെന്നും വിനീഷ് വെളിപ്പെടുത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. സുഹൃത്തായ ശ്രീജിത്തിനൊപ്പം പലപ്പോഴും ഒരുമിച്ച് ജോലിക്കും പോയിട്ടുണ്ട്. സംഭവ ദിവസം രാവിലെയും ഞാന്‍ ശ്രീജിത്തിന്‍റെ വീട്ടില്‍ പോയിരുന്നു. വീട് കയറി ആക്രമിച്ച സംഭവത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. ഇതില്‍ ശ്രീജിത്തോ സഹോദരന്‍ സജിത്തോ ഉണ്ടായിരുന്നില്ല - വിനീഷ് വ്യക്തമാക്കി. ആളുമാറിയാണ് ശ്രീജിത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് അയല്‍വാസിയായ സന്തോഷും പറഞ്ഞു. ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് വരാന്തയിലിരുന്ന ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. മര്‍ദ്ദിച്ചാണ് ജീപ്പില്‍ കയറ്റിയത്.

Sponsored Advertisments