Kerala Express

കൊച്ചി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമിയും ഇവര്‍ കൈമാറ്റം ചെയ്ത ഭൂമിയും തിരിച്ചു പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തിരിച്ചുപിടിക്കാനായി സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നല്‍കിയ ഉത്തരവാണു റദ്ദാക്കിയത്. ഉത്തരവുകളിലെ തുടര്‍ നടപടികളും റദ്ദാക്കി. എന്നാല്‍, തര്‍ക്കത്തിലുള്ള ഭൂമി ഹാരിസണ്‍സിന്‍റേതാണെന്നു ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറയുന്നില്ല. കേരള ഭൂ സംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനു ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്നും സിവില്‍ കോടതി നടപടികളിലൂടെയാണ് ഇക്കാര്യം നിര്‍ണയിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഹാരിസണ്‍സിന്‍റെ കൈവശമുള്ള ഭൂമിയും ഇവര്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബോയ്സ് എസ്റ്റേറ്റ്, റിയാ റിസോര്‍ട്ട്സ്, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി തുടങ്ങിയവര്‍ക്ക് കൈമാറിയ ഭൂമിയും സര്‍ക്കാരിന്‍റേതാണെന്നു വിലയിരുത്തിയാണ് സ്പെഷല്‍ ഓഫീസര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയത്. ഇതിനെതിരെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും ഇവരുടെ പക്കല്‍നിന്നു ഭൂമി വാങ്ങിയവും നല്‍കിയ ഹര്‍ജികളാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കേരള ഭൂ സംരക്ഷണ നിയമപ്രകാരം പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികളാണു വേണ്ടത്. രജിസ്റ്റര്‍ ചെയ്ത ആധാരവും കരമടച്ച രസീതും കൈവശാവകാശത്തിന്‍റെ രേഖകളും കൈവശമുള്ളപ്പോള്‍ ഉചിതമായ നിയമനടപടിയിലൂടെയല്ലാതെ കേരള ഭൂ സംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഭൂമി ഏറ്റെടുക്കാനാവില്ല.

Sponsored Advertisments