Kerala Express

തിരുവനന്തപുരം: പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ശൈലി പിന്തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ എം.എം. മണിക്കെതിരെ നടപടിക്കു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്തണോ എന്ന ചോദ്യവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നതായി അറിയുന്നു. ഇക്കാര്യത്തിലും സംസ്ഥാന കമ്മിറ്റിയുടെ കൂടി വികാരം പരിഗണിക്കും. മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരെ മണി നടത്തിയ പരാമര്‍ശം മാത്രമല്ല, ശൈലി മാറ്റാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും പാര്‍ട്ടി ഉപദേശിച്ചിട്ടും അതു പാലിക്കാത്തതും സെക്രട്ടേറിയറ്റ് കണക്കിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെയാണ് സംസാരിച്ചത്. യോഗത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ദുര്‍വ്യാഖ്യാനം ചെയ്തു എന്ന വിശദീകരണം തന്നെയാണ് മണി യോഗത്തില്‍ നല്‍കിയത്. മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം നിശിതമായി കുറ്റപ്പെടുത്തി. പക്ഷേ, വിശദീകരണം ദുര്‍ബലമായിരുന്നു.

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്നു ദുബായിലേക്ക് പുറപ്പെടാനൊരുങ്ങവേ എന്‍ജിന്‍ തകരാറിലായ വിമാനം വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആടിയുലഞ്ഞ വിമാനം റണ്‍വേയിലെ ലൈറ്റില്‍ കയറിയിറങ്ങിയതോടെ ടയറും പൊട്ടി. സംഭവത്തെത്തുടര്‍ന്ന് കരിപ്പൂരില്‍ ഒന്നര മണിക്കൂര്‍ റണ്‍വേ അടച്ചിട്ടു. നാലു വിമാനങ്ങളുടെ സര്‍വീസ് വൈകി. കരിപ്പൂരില്‍നിന്ന് 188 യാത്രക്കാരുമായി പറന്നുയരാന്‍ റണ്‍വേയിലേക്കു നീങ്ങിയ എയര്‍ ഇന്ത്യയുടെ 937 വിമാനമാണ് അപകടത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. വിമാനം റണ്‍വേയിലൂടെ 600 മീറ്റര്‍ നീങ്ങി വേഗത്തില്‍ പുറപ്പെടുന്നതിനിടെയാണ് ഇടതുഭാഗത്തെ എന്‍ജിന്‍ തകരാറിലായത്. എന്‍ജിനുള്ളില്‍നിന്നു  യന്ത്രഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറി വീണതോടെ വിമാനം ആടിയുലഞ്ഞു. ഇതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകടം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം റണ്‍വേയുടെ വശത്തേക്ക് നീക്കി അടിയന്തര സഹായമെത്തിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടെ റണ്‍വേയുടെ വശങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രിക് ലൈറ്റില്‍ വിമാനം കയറിയിറങ്ങി.

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു ഡോ. ടി.പി. സെന്‍കുമാറിനെ നീക്കിയ സംസ്ഥാന സര്‍ക്കാരിനു വന്‍ തിരിച്ചടി. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ മാറ്റിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവും അതു ശരിവച്ച കേരള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. സെന്‍കുമാറിനെ ഡിജിപിയായി തിരികെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
സെന്‍കുമാറിനോടു നീതികേടു കാട്ടിയെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ജിഷ വധക്കേസ്, പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം എന്നീ സംഭവങ്ങളില്‍ പോലീസ് മേധാവിക്കു വീഴ്ചയുണ്ടായെങ്കില്‍ അതില്‍ സംസ്ഥാന സര്‍ക്കാരും ഉത്തരവാദിയാണെന്നു വ്യക്തമാക്കി. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടിയെടുക്കുന്നതിലും ജിഷ വധക്കേസില്‍ തൃപ്തികരമായ വിശദീകരണം നല്‍കുന്നതിലും പോലീസ് മേധാവിയായിരുന്ന സെന്‍കുമാറിനു വീഴ്ച സംഭവിച്ചെന്നാണു സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഈ സംഭവങ്ങളില്‍ പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയെന്നും ഇതു കണക്കിലെടുത്താണു സ്ഥാനത്തുനിന്നു മാറ്റിയതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇതു കോടതി അംഗീകരിച്ചില്ല. സെന്‍കുമാറിനോടു മോശമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പൊതുജനങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയെന്നതിനു ഹാജരാക്കിയ തെളിവ് നടപടിയെടുക്കുന്നതിനു തൊട്ടുമുമ്പ് കൊണ്ടുവന്നതാണെന്നും അത് അംഗീകരിക്കാവുന്നതല്ലെന്നും വ്യക്തമാക്കി.

Sponsored Advertisments