Kerala Express

ഒരു കര്‍ഷകനെപ്പോലും കുടിയിറക്കില്ലെന്നു റവന്യൂ മന്ത്രി

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് ഒരു കര്‍ഷകനെപ്പോലും കുടിയിറക്കില്ലെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനപരിധിയില്‍ കഴിയുന്നവര്‍ക്കും ഇതു ബാധകമാണ്. തുടര്‍നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനകം അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് വിജ്ഞാപനമിറക്കുമെന്നും മൂന്നാറില്‍ മന്ത്രിസഭാ ഉപസമിതിയും ജനപ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പ്രധാനപ്പെട്ട ഘട്ടമാണിതെന്നും അതിര്‍ത്തി പുനര്‍നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വനംമന്ത്രി കെ. രാജുവും ഉറപ്പു നല്‍കി.

തങ്ക അങ്കിക്ക് പുതിയ പെട്ടി ഒരുങ്ങുന്നു

ശബരിമല: അയ്യപ്പസ്വാമിയുടെ തങ്ക അങ്കി സൂക്ഷിക്കാന്‍ പുതിയ പെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. പൊന്‍കുന്നത്തെ തടിമില്ലുകാരന്‍ കുട്ടപ്പന്‍ വഴിപാടായാണ് പുതിയ പെട്ടി പണിതു നല്‍കുന്നത്. ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തിന്‍റെ തടിപ്പണികളുടെ ശില്പിയായ കെ. വിനോദ് എന്ന പത്തിയൂര്‍ ബാബുവാണ് പെട്ടിയുടെയുെം ശില്പി. വഴിപാടുകാരന്‍റെ തടിമില്ലില്‍ നിന്നു തന്നെയാണ് പെട്ടിക്കു പറ്റിയ തേക്കുതടി കണ്ടെത്തിയത്. 22 ഇഞ്ച് വീതിയുള്ള പലക ലഭിച്ചതിനാല്‍ ചേര്‍പ്പില്ലാതെ പണിയാന്‍ കഴിഞ്ഞു. മുകള്‍ ഭാഗം പഴയ പെട്ടിയുടേതുപോലെ വളഞ്ഞു തന്നെയാണ്.

കേരള ബാങ്കില്ല, ലയനം മാത്രം

കണ്ണൂര്‍: സഹകരണ മേഖലയില്‍ കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പുതിയ ബാങ്ക് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പകരം സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു. കേരള ബാങ്കിനായി രൂപവത്കരിച്ച കര്‍മസേനാ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. ലയനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും. കോഴിക്കോട്, തൃശൂര്‍, ഇടുക്കി തുടങ്ങി മിക്ക ജില്ലാ ബാങ്കുകളും എല്ലാ ആധുനിക സൗകര്യങ്ങളുള്ളവയാണ്. സംസ്ഥാന ബാങ്കില്‍ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതാകും. ലയനശേഷം സംസ്ഥാന ബാങ്കിന് റസര്‍വ് ബാങ്ക് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് സഹകരണ മേഖലയ്ക്കാകെ തിരിച്ചടിയാകും.

Sponsored Advertisments