Kerala Express

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കേസില്‍നിന്ന് ഉപപ്രധാനമന്ത്രിയായിരുന്ന കാലത്ത് കുറ്റമുക്തി നേടിയ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി വീണ്ടും കുരുങ്ങിയേക്കും.

സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചു.
ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് റായ്ബറേലിയിലും ലഖ്നോവിലുമായി തുടരുന്ന രണ്ടു കേസുകള്‍ ഒന്നിച്ചാക്കി സംയുക്ത വിചാണ നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന സൂചനയും സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായി. ഈ രണ്ടു വിഷയത്തിലും മാര്‍ച്ച് 22ന് പരമോന്നത കോടതി അന്തിമ തീരുമാനമെടുക്കും. ബാബ്റി മസ്ജിദ് പൊളിച്ചതിന് കര്‍സേവകര്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ നിന്ന് ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി 2003 സെപ്റ്റംബറിലാണ് കുറ്റമുക്തനാക്കപ്പെട്ടത്. കേസ് വിചാരണ ചെയ്യാന്‍ ലഖ്നോ ബെഞ്ച് രൂപവത്കരിച്ചതിലെ നിയമസാധുതയെന്ന സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്.

Sponsored Advertisments

TSI-Adv
GP-Adv2