Kerala Express

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കു സുരക്ഷാ താവളം ഒരുക്കുന്ന ഒരു രാഷ്ട്രത്തെയും സഹിഷ്ണുതയോടെ കാണാനാവില്ലെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തിയശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണു പാക്കിസ്ഥാനെതിരെ പേരെടുത്തു പറയാതെ ആഞ്ഞടിച്ചത്. ഇത്തരം രാഷ്ട്രങ്ങള്‍ക്കെതിരെ ഇന്ത്യയും യുഎസും വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുമെന്നു പ്രസ്താവനയില്‍ പറയുന്നു. ആഗോള നേതാക്കള്‍ എന്ന നിലയ്ക്കു രണ്ടു രാജ്യങ്ങളും ഈ വിപത്തിനെതിരെ പോരാടും. ലോകമെങ്ങും ജനങ്ങള്‍ക്കു നേരെ ഉയരുന്ന തീവ്രവാദം എന്ന ഭീഷണിയെക്കുറിച്ച് ഇന്ത്യയ്ക്കും യുഎസിനും ധാരണയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്നതായും ജിം മാറ്റിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ജിം മാറ്റിസ് സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ പ്രസിഡണ്ട് ട്രംപുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ചു മോഡി പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

Sponsored Advertisments