Kerala Express

കറുത്ത ദിനത്തിന് കാല്‍നൂറ്റാണ്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മതേതര സങ്കല്പങ്ങളുടെ അടിത്തറയിളക്കി ബാബരി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട്. രാജ്യത്തിന്‍റെ മനഃസാക്ഷി നടുക്കിയ ക്രിമിനല്‍ കുറ്റത്തിന്‍റെ വിചാരണ പൂര്‍ത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തര്‍ക്കവും നിയമയുദ്ധമായി തുടരുന്നു. ബാബരി വാര്‍ഷിക തലേന്ന് സുപ്രീംകോടതി പരിഗണനയ്ക്കെടുത്ത ഉടമാവകാശ കേസിന്‍റെ അന്തിമാവാദമാകട്ടെ ഫെബ്രുവരി എട്ടിലേക്കു മാറ്റിവെച്ചു. രാജ്യചരിത്രത്തില്‍ 1992 ഡിസംബര്‍ 6 ഇരുണ്ട ദിനമാണ്. അന്നാണ് പതിനായിരക്കണക്കായ കര്‍സേവകര്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേര്‍. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, വിഎച്ച്പി നേതാവ് വിനയ് കത്യാര്‍ എന്നിവരടക്കം 12 പേര്‍ക്കെതിരായ വിചാരണ നടപടി തുടരുകയാണ്. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായ ശേഷം ക്ഷേത്രനിര്‍മ്മാണ ലക്ഷ്യത്തില്‍ സംഘ്പരിവാറിന് ആവേശം വര്‍ധിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അയോധ്യ ബിജെപിയുടെ തുറുപ്പു ചീട്ടായി മാറുമെന്നാണ് സൂചന.

Sponsored Advertisments