Kerala Express

വാഷിങ്ടണ്‍: വിദഗ്ദ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയായ എച്ച്-1 ബി പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം യുഎസ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോലം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി. ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്‍റെ നയത്തിന്‍റെ അടിസ്ഥാനത്തില്‍ വീസ പുതുക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നിയമത്തിലെ ഒരു വകുപ്പു തെറ്റായി വ്യാഖ്യാനിച്ചുള്ളതാണു റിപ്പോര്‍ട്ടെന്നും എച്ച്-1 ബി വീസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഭേദഗതിയൊന്നും പരിഗണിക്കുന്നില്ലെന്നും യുഎസ് സിഐഎസ് വക്താവ് ജൊനാഥന്‍ വിതിങ്ടണ്‍ അറിയിച്ചു. വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ വ്യവസായ സംഘടനകളും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും എതിര്‍ത്തിരുന്നു. മൂന്നു വര്‍ഷത്തെ എച്ച്-1 ബി വീസയില്‍ യുഎസില്‍ ജോലി ചെയ്യുന്നവര്‍ക്കു കാലാവധിക്കു ശേഷം മൂന്നു വര്‍ഷത്തേക്കുകൂടി വീസ ഒറ്റത്തവണയായി നീട്ടിക്കിട്ടാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. ഇതിനകം സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍, അതില്‍ തീരുമാനമാകുന്നതുവരെ എത്രകാലം വേണമെങ്കിലും തുടരാം. ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് വീസ പുതുക്കി നല്‍കുന്നതു യുഎസ് സിഐഎസിന്‍റെ വിവേചനാധികാരമാക്കി മാറ്റാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Sponsored Advertisments