Kerala Express

ന്യൂഡല്‍ഹി: ഓള്‍ഡ് മങ്ക് എന്ന സ്വന്തം റമ്മിനെ ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി വളര്‍ത്തിയ കപില്‍ മോഹന്‍ (88) അന്തരിച്ചു. സുഗന്ധദ്രവ്യങ്ങളും വാനിലയുടെ രുചിയും ചേര്‍ത്ത ഓള്‍ഡ് മങ്കിന്‍റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിട്ട. ബ്രിഗേഡിയര്‍ കപില്‍ മോഹന്‍ ജനുവരി ആറിനാണ് അന്തരിച്ചത്. സൈന്യത്തില്‍ വിശിഷ്ട സേവനത്തിനുള്ള മെഡലും അദ്ദേഹത്തിനു ലഭിച്ചു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. പുഷ്പ മോഹന്‍ ആണ് ഭാര്യ. 1954 ഡിസംബര്‍ 19നാണ് ഓള്‍‍ഡ് മങ്ക് റം വിപണിയില്‍ എത്തിയത്. ഒരുകാലത്ത് ലോകത്തെ തന്നെ ഏറ്റവും വില്പനയുള്ള റം ആയി ഓള്‍ഡ് മങ്കിനെ വളര്‍ത്തിയത് കപില്‍ മോഹനാണ്. സോളാര്‍ നമ്പര്‍ വണ്‍ വിസ്കി, ഗോള്‍ഡന്‍ ഈഗിള്‍ ബിയര്‍ എന്നീ ബ്രാന്‍ഡുകളുടെ സ്രഷ്ടാവും അദ്ദേഹമാണ്. ഈ മദ്യങ്ങളുടെയെല്ലാം സ്രഷ്ടാവായ കപില്‍ മോഹന്‍ മദ്യം കഴിക്കില്ലായിരുന്നു എന്നതാണ് വിരോധാഭാസം

Sponsored Advertisments