Kerala Express

ബാങ്കോക്ക്: ഉത്തര തായ് ലെന്‍ഡിലെ തം ലുവാംഗ് ഗുഹയില്‍നിന്ന് 18 ദിവസത്തിനു ശേഷം അവസാനത്തെ കുട്ടിയും ഫുട്ബോള്‍ കോച്ചും പുറത്തെത്തിയതോടെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ രക്ഷാദൗത്യം സമാപിച്ചു. ഗുഹാമുഖത്തുനിന്ന് പുതിയ ആകാശവും പുതിയ ഭൂമിയും കണ്ട് അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഒന്‍പതു ദിവസത്തിനുശേഷം ഗുഹയ്ക്കുള്ളില്‍ എത്തിയ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരെ കണ്ടുമുട്ടുംവരെ ഒരു കുട്ടിയുടെ പിറന്നാളാഘോഷത്തിനു കരുതിവെച്ച ഭക്ഷണമായിരുന്നു ഇവരുടെ വിശപ്പകറ്റിത്. 11നും 16നുമിടയില്‍ പ്രായമുള്ള 12 കുട്ടികളും 25കാരനായ കോച്ച് ഇകാറത് വോംഗ്സുക്ചരനെയുമാണ് മൂന്നു ദിവസംകൊണ്ട് ഭഗീരഥപ്രയത്നത്തിലൂടെ തായ് ലന്‍ഡ് നാവികസേന പുറത്തെത്തിച്ചത്. കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ കഴിഞ്ഞിരുന്ന മൂന്നു മുങ്ങല്‍ വിദഗ്ദ്ധരും ഒരു ‍ഡോക്ടറും അവസാനമായി പുറത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിനു പരിസമാപ്തിയായി.
ജൂണ്‍ 23ന് പതിവ് ഫുട്ബോള്‍ പരിശീലനത്തിനു ശേഷമാണ് 12 കുട്ടികളും ഫുട്ബോള്‍ ടീം കോച്ചും ഗുഹയിലേക്കു സാഹസികയാത്ര നടത്തിയത്. ഇവര്‍ കയറിയതിനു പിന്നാലെ കനത്ത മഴയെത്തുടര്‍ന്ന് ഗുഹാമുഖം മൂടി വെള്ളം ഇരച്ചുകയറിയതോടെ ഗുഹയുടെ നാലു കിലോമീറ്റര്‍ ഉള്ളിലേക്കു 13 പേരും നിരങ്ങിയിറങ്ങി. ഇടുങ്ങിയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. കുട്ടികള്‍ സുരക്ഷിതമായി ഒരു പാറയുടെ മുകളില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടത് മുങ്ങല്‍ വിദഗ്ദ്ധരായിരുന്നു. ഗുഹ തുരന്ന് അകത്ത് കയറാനും ഗുഹയ്ക്കുള്ളില്‍ അടിഞ്ഞുകൂടിയ ചെളിയും വെള്ളവും നീക്കം ചെയ്യാനും നാവികസേന ശ്രമം തുടങ്ങി. ടെലിഫോണ്‍ ബന്ധം ഏര്‍പ്പെടുത്താനുള്ള ശ്രമം വിഫലമായതോടെ കുട്ടികളോരോരുത്തരായി മാതാപിതാക്കള്‍ക്കു കത്തെഴുതി. തങ്ങള്‍ സുരക്ഷിതരാണെന്നും കഴിക്കാന്‍ ചിക്കന്‍ ഫ്രൈ വേണമെന്നുമൊക്കെ എഴുതി. ഈ കത്തുകളും ലോകം വായിച്ചു. ഗുഹയ്ക്കുള്ളില്‍ ഓക്സിജന്‍റെ അളവു കുറ‌ഞ്ഞതും ആശങ്കയുണര്‍ത്തിയിരുന്നു.
മൂന്നു ഘട്ടങ്ങളിലായായിരുന്നു രക്ഷാപ്രവര്‍ത്തനം. രണ്ടു ദിവസങ്ങളിലായി 8 പേരെ പുറത്തെത്തിച്ചു. ജൂലൈ 10നു രാവിലെ പ്രാദേശിക സമയം 10.08നാണ് രക്ഷാദൗത്യവുമായി മുങ്ങല്‍ വിദഗ്ദ്ധര്‍ ഗുഹയിലേക്കു നീങ്ങിയത്. വൈകുന്നേരം 4.12ന് അവസാന കുട്ടിയെയും കോച്ചിനെയും രക്ഷാസംഘം ഗുഹയ്ക്കു പുറത്തെത്തിച്ചു. രാത്രി എട്ടുമണിയോടെ ദൗത്യം പൂര്‍ത്തിയായി. ഇവരെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. 13 പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി തായ് നാവികസേന അധികൃതര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനോട് തത്വത്തില്‍ യോജിച്ച് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും. കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നത് കാലഘട്ടിന്‍റെ ആവശ്യമാണെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംപ്രേഷണം നടത്തുന്നതിനുള്ള വിശദമായ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടു നിര്‍ദ്ദേശിച്ചു. മാനഭംഗം, വിവാഹത്തര്‍ക്കം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഒഴികെയുള്ളവയിലെ നടപടികള്‍ സംപ്രേഷണം ചെയ്യാവുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമവിദ്യാര്‍ത്ഥി സ്വപ്നില്‍ ത്രിപാഠി നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗാണ് വിഷയം കോടതിയില്‍ ഉന്നയിച്ചത്. നിരവധി രാജ്യങ്ങളിലെ കോടതികളില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നുണ്ടെന്നും അതില്‍ തെറ്റില്ലെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. ഇത് അംഗീകരിച്ച മൂന്നംഗ ബെഞ്ച് കേസിലെ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമവിദ്യാര്‍ത്ഥികള്‍ക്കും കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇതുവഴി വ്യക്തമാകുമെന്നു പറഞ്ഞു. തന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ഏതു രീതിയില്‍ പ്രകടനം നടത്തുന്നുണ്ടെന്നു വിലയിരുത്താന്‍ കക്ഷികള്‍ക്കു കഴിയുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

Sponsored Advertisments