Kerala Express

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസിന്‍റെ വിചാരണവേളയില്‍ തങ്ങളുടെ ഭാഗം അഭിഭാഷകര്‍ യഥാവിധി അവതരിപ്പിച്ചില്ലെന്ന വാദം ഉന്നയിച്ചാണ് പ്രതികള്‍ വധശിക്ഷ ജീവപര്യന്തമാക്കാനാവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍. ഭാനുമതി. അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെ‍ഞ്ച് ഈ വാദം നിരാകരിച്ച് അപേക്ഷ തള്ളുകയായിരുന്നു. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രമാദമായ കേസിലെ മുതിര്‍ന്ന നാലു കുറ്റവാളികളായ മുകേഷ് (29), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23) എന്നിവര്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് 2017 മെയ് അഞ്ചിന് സുപ്രീംകോടതിയുടെ ഇതേ ബഞ്ച് ശരിവെക്കുകയുണ്ടായി. ഇതില്‍ മുകേഷ്, വിനയ്, പവന്‍ എന്നിവരാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.
2012 ഡിസംബര്‍ 16ന് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടു വരികയായിരുന്ന  23കാരിയായ പാരാമെ‍‍ഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. അതിക്രൂരമായ കുറ്റകൃത്യത്തിനെതിരെ ഡല്‍ഹിയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങുകയും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണംതന്നെ നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്തു. ബാലകുറ്റവാളിയടക്കമുള്ള ആറുപേര്‍ ഡല്‍ഹിയിലെ മുനീര്‍ക്ക ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറ്റിക്കൊണ്ടു പോയാണ് പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്ത് മൃഗീയമായി മര്‍ദ്ദിച്ച് റോഡില്‍ തള്ളിയത്. ആദ്യം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു. ആറു പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതിയായ രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 18 വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുണ്ടെന്ന കാരണത്താല്‍ കേസിലെ ആറാം പ്രതിക്ക് ബാലകുറ്റവാളിക്കുള്ള ഇളവും പരിഗണനയും ലഭിച്ചു.

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ടെലികോം കമ്മീഷന്‍
അംഗീകാരം നല്‍കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്‍റര്‍നെറ്റ്
ഉപഭോക്താക്കളുടെ ഉപയോഗത്തില്‍ സേവനദാതാക്കള്‍ നടപ്പാക്കുന്ന വിവേചനം തടയുന്നതാണ് നിയമം. ചില നിര്‍ണ്ണായക ആപ്ലിക്കേഷനുകളും സേവനങ്ങളും നിയമത്തിന്‍റെ പരിധിക്ക് പുറത്താണ്. ഇവയ്ക്ക് മുന്‍ഗണനാടിസ്ഥാനത്തിലുള്ള നെറ്റ് ലൈനുകളും സാധാരണ സംവിധാനത്തേക്കാള്‍ മെച്ചപ്പെട്ട വേഗതയും ആവശ്യമായി വരുന്നതിനാലാണ് ഇത്. ഇന്‍റര്‍നെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കള്‍ കരാറില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാല്‍ കടുത്ത പിഴ ചുമത്തും. മൊബൈല്‍ ഓപ്പറേറ്റര്‍മാക്കും സാമൂഹിക മാധ്യമ കമ്പനികള്‍ക്കും ഇത് ബാധകമാണ്.
രോഗിയെ മറ്റൊരിടത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാവുന്ന റിമോട്ട് സര്‍ജറി, മനുഷ്യരഹിത വിദൂര നിയന്ത്രിത കാറുകള്‍, ടെലിമെഡിസിന്‍ എന്നിവയെ ഒഴിവാക്കിയാണ് ടെലികോം കമ്മീഷന്‍ നെറ്റ് ന്യൂട്രാലിറ്റിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ടെലികോം കമ്മീഷന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.

Sponsored Advertisments